'ഒരു ഒന്നൊന്നര പ്രണയകഥ' എന്ന ചിത്രത്തിന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി സംവിധായകന്‍ ഷിബു ബാലന്‍ രംഗത്ത്. സിനിമ റിലീസാകാതിരിക്കാന്‍ ഒരു കൂട്ടര്‍ ശ്രമിച്ചെന്നും ചിത്രം കാണാന്‍ തിയറ്ററിലെത്തിയവരോടു പ്രദര്‍ശനമില്ലെന്നു പറഞ്ഞു മടക്കി അയച്ചതായും സംവിധായകന്‍ ആരോപിക്കുന്നു. ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍.
'പോസ്റ്ററുകള്‍ നശിപ്പിക്കുക, ഡിസ്‌പ്ലേ ബോര്‍ഡുകള്‍ മറയ്ക്കുക, തിയറ്ററിലേക്കു വരുന്ന പ്രേക്ഷകരോടു ആളില്ലാത്തതുകൊണ്ട് ഷോ ഇല്ലെന്നു പറയുക, ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ഷോ ഇല്ലാത്തതുകൊണ്ട് പണം തിരികെ കൊടുക്കുക തുടങ്ങിയ നീക്കങ്ങള്‍ ഒരു ചെറിയ സിനിമക്കെതിരെ എന്തിനാണ്? ഇങ്ങനെയൊരു ചതി കേരളത്തില്‍ നടക്കുന്നുണ്ട്.' ഷിബു ബാലന്‍ പറഞ്ഞു.
'പണം തിരികെ നല്‍കുക എന്നൊക്കെ പറയുന്നത് അത്ര എളുപ്പമല്ല. വലിയ പിടിപാടുള്ളവര്‍ക്കേ അതു സാധ്യമാകൂ. അതുവരെ സംഭവിച്ചിരിക്കുന്നു. പടം കണ്ടിട്ട് ഇടവേളയില്‍ പ്രേക്ഷകര്‍ ഇറങ്ങിപ്പോയെന്നൊക്കെ പറഞ്ഞാല്‍ മനസ്സിലാകും. എന്നാല്‍, ഇവിടെ പടത്തിന് റിലീസിനു മുന്‍പേ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നു. പടത്തിന്റെ വിജയത്തിന് എതിരു നില്‍ക്കുന്ന ഒരു കൂട്ടം ആളുകള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അത് ആരാണെന്ന് അറിയില്ല.'സംവിധായകന്‍ വ്യക്തമാക്കി.
സിനിമയ്ക്കു പിന്നില്‍ ഒരു നിര്‍മാതാവുണ്ട്. അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമയാണിത്. ഒരുപാടു പ്രതീക്ഷകളുമായാണ് അദ്ദേഹം സിനിമ ചെയ്യാന്‍ വന്നത്. ഇനി അദ്ദേഹത്തിന്റെ പഴയ ജീവിതത്തിലേക്ക് തിരികെ പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ഷിബു ബാലന്‍ കൂട്ടിച്ചേര്‍ത്തു.
'ഞാനെന്റെ കുടുംബവുമായി സിനിമ കാണാന്‍ തൃശൂരില്‍ ചെന്നപ്പോള്‍ അവിടെ ഫ്‌ലക്‌സില്ല, ബോര്‍ഡ് ഇല്ല, പോസ്റ്റര്‍ പോലുമില്ല. ഇങ്ങനെ ഒരു പ്രവണത മലയാള സിനിമയില്‍ വളര്‍ന്നു വന്നാല്‍ ഇനി പുതുതായി വരുന്ന നിര്‍മാതാക്കള്‍ക്കും ടെക്‌നീഷ്യന്‍സിനും സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കും ഇതൊരു വലിയ വിപത്തായി മാറും. അത്തരം സിനിമകള്‍ പരാജയപ്പെടുത്താന്‍ ഒരു കൂട്ടായ്മ ഉണ്ടായാല്‍ എത്രയോ രക്തസാക്ഷികള്‍ ഇവിടെയുണ്ടാകും. ഇതു തിരിച്ചറിയണം.'സംവിധായകന്‍ അഭിപ്രായപ്പെട്ടു.
ശ്രീനിവാസന്‍, സംഗീത താര ജോഡികള്‍ ഒരുമിച്ച നഗരവാരിധി നടുവില്‍ ഞാന്‍ എന്ന ചിത്രമായിരുന്നു ഷിബു ബാലന്‍ സംവിധാനം ചെയ്ത ആദ്യചിത്രം. യുവതാരങ്ങളായ ഷെബിന്‍ ബെന്‍സണും സായ ഡേവിഡുമാണ് പുതിയ ചിത്രമായ ഒരു ഒന്നൊന്നര പ്രണയകഥയില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.